Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
2 Kings 3
3 / 25
1
യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമൎയ്യയിൽ യിസ്രായേലിന്നു രാജാവായി; അവൻ പന്ത്രണ്ടു സംവത്സരം വാണു.
2
അവൻ യഹോവെക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു.
3
എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറാതെ മുറുകെ പിടിച്ചു.
4
മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
5
എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേൽരാജാവിനോടു മത്സരിച്ചു.
6
ആ കാലത്തു യെഹോരാംരാജാവു ശമൎയ്യയിൽനിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.
7
പിന്നെ അവൻ: മോവാബ്‌രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവൻ: ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
8
നാം ഏതു വഴിയായി പോകേണം എന്നു അവൻ ചോദിച്ചതിന്നു: എദോംമരുഭൂമിവഴിയായി തന്നേ എന്നു അവൻ പറഞ്ഞു.
9
അങ്ങനെ യിസ്രായേൽരാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവർ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി.
10
അപ്പോൾ യിസ്രായേൽരാജാവു: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.
11
എന്നാൽ യഹോശാഫാത്ത്: നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.
12
അവന്റെ പക്കൽ യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കൽ ചെന്നു.
13
എലീശാ യിസ്രായേൽ രാജാവിനോടു: എനിക്കും നിനക്കും തമ്മിൽ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേൽരാജാവു അവനോടു: അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു എന്നു പറഞ്ഞു.
14
അതിന്നു എലീശാ: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാൻ ആദരിച്ചില്ല എങ്കിൽ ഞാൻ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;
15
എന്നാൽ ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേൽ വന്നു.
16
അവൻ പറഞ്ഞതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ.
17
നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.
18
ഇതു പോരാ എന്നു യഹോവെക്കു തോന്നീട്ടു അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
19
നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലു വാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.
20
പിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.
21
എന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോൾ അവർ ആയുധം ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നുനിന്നു.
22
രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂൎയ്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യൎക്കു തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:
23
അതു രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ, കൊള്ളെക്കു വരുവിൻ എന്നു അവർ പറഞ്ഞു.
24
അവർ യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.
25
പട്ടണങ്ങളെ അവർ ഇടിച്ചു നല്ലനിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീൎഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
26
മോവാബ്‌രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോൾ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധപാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.
27
ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ടു അവർ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books